തൃശൂർ: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച സർക്കാർ തീരുമാനത്തിനെതിരേ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ അതൃപ്തി പരസ്യമാക്കി.
മദ്യലഭ്യത കുറയ്ക്കുമെന്ന് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച ശേഷം ബജറ്റിൽ നികുതി കുറച്ചത് ജനവിരുദ്ധമാണെന്നും ഇക്കാര്യത്തിലെ വിയോജിപ്പ് ഫോണിലൂടെയും കത്തിലൂടെയും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ജനവികാരം സർക്കാർ ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും സുധീരൻ പറഞ്ഞു.
കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നൽകിയതിനു പിന്നാലെ വെള്ളാപ്പള്ളി നടേശൻ നടത്തിയ അധിക്ഷേപങ്ങൾക്കും സുധീരൻ മറുപടി നൽകി.
തനിക്കെതിരേ വെള്ളാപ്പള്ളി നടത്തിയത് ഒരു എസ്എൻഡിപി ജനറൽ സെക്രട്ടറിയിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പദപ്രയോഗങ്ങളാണെന്നും അന്വേഷണ വാർത്ത അദ്ദേഹത്തിൽ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ടെന്നും സുധീരൻ വ്യക്തമാക്കി.
വെള്ളാപ്പള്ളിയോടു വ്യക്തിവിരോധമില്ലെങ്കിലും അദ്ദേഹത്തിന്റെ ശൈലിയോടും നയങ്ങളോടും ശക്തമായ വിയോജിപ്പുണ്ട്. വെള്ളാപ്പള്ളി നടേശനുമായുള്ള കൂട്ടുകെട്ടാണ് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണമെന്നും സുധീരൻ തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.